നൊസ്റ്റാൾജിയ

ജീവിച്ചിരിക്കുന്ന നിമിഷങ്ങളെ മറന്ന്, കഴിഞ്ഞു പോയ ദിവസങ്ങളുടെ ഓർമയും പേറി വെറുതെ പുഞ്ചിരിക്കുവാനും, കരയുവാനും ഇഷ്ടപ്പെടുന്നവർക്കിടയിലുള്ളവരിൽ ഒരാൾ മാത്രമാണ് ഞാൻ .ഓർമകളിൽ ഏറ്റവും കൂടുതൽ ഗുഹാതുരത്വം അമ്മാത്തേ ചെറിയ തറവാടും, അമ്മമ്മയുടെ കഥകളുമാണ് . വർഷത്തിലൊരിക്കൽ കുടുംബ ക്ഷേത്രത്തിൽ നടക്കുന്ന പൂജക്കായി ഓടിയെത്തുമ്പോളും അവധികാല സന്ദർശനങ്ങളും ബാക്കിയാക്കുന്ന മധുരമേറിയ ചില ഓർമകൾക്ക്  മറ്റേന്തിനേക്കാളും ജീവിതത്തിൽ പ്രാധാന്യമുണ്ടായിരുന്നുവെന്ന് മനസിലാക്കിയത് അമ്മമ്മയുടെ മരണാനന്തരമാണ്.കഴിഞ്ഞുപോയ ഒരോ ദിവസങ്ങൾക്കും തിരിച്ചറിയത്തക്ക രീതിയിലുള്ള പ്രത്യക ഗന്ധങ്ങൾ ഉണ്ടായിരുന്നു. വേനലവധിക്കാലം ഞങ്ങൾ കുട്ടികൾക്ക് തറവാട്ടിൽ ആഘോഷമായിരുന്നു. അവധിക്കാലം അമ്മമ്മയോടൊപ്പം താമസിക്കുവാൻ ഞങ്ങൾക്ക് എല്ലാർക്കും തന്നെ അതിനാൽ വളരെ ഇഷ്ടവുമായിരുന്നു. ഞങ്ങൾ വരുന്നുണ്ടെന്നറിഞ്ഞാൽ അടുക്കളയിൽ പ്രത്യകം തയ്യാറാക്കുന്ന മുരിങ്ങയിലക്കറിയും, ചക്കപ്പുഴുക്കും അമ്മമ്മയുണ്ടാക്കുന്ന വിഭവങ്ങളിൽ വെച്ച് ഏറ്റവും സ്വാദേറിയതുമായിരുന്നു. എം.ടി യുടെ. കഥകളിൽ നിറഞ്ഞു നിന്നിരുന്ന കണ്ണാന്തളിപ്പൂക്കളുടെ ഓർമ്മകളെ എനിക്ക് യഥാർത്ഥത്തിൽ പരിചയപ്പെടുത്തിയത് അമ്മമ്മയായിരുന്നു. കണ്ണാന്തളിപ്പൂക്കളുടെ നൈർമല്യതയും, ഗ്രാമീണ ജീവിതത്തിന്റെ ഏടുകളും ഒത്തിണങ്ങിയ ജീവിതം തന്നെയായിരുന്നു അമ്മമ്മയുടേതും. അയ്യത്തെ ( പറമ്പ് ) പുല്ലു പറിക്കാനായി ഓലകൾ കൊണ്ട് അമ്മമ്മയുണ്ടാക്കുന്ന വല്ലവും (കൊട്ട ), തൊടിയിലെ താളുകൾ പറിച്ചുണ്ടാക്കുന്ന കറികളും അമ്മമ്മയുടെ ചില നേരമ്പോക്കുകളാണ് . പ്രക്യതിയുമായി സമരസപ്പെട്ടു കഴിയുവാനും, മഴയേയും വെയിലിനേയും ആസ്വദിച്ചറിയുവാനും അമ്മമ്മ പഠിപ്പിച്ചു.  ഇറയത്തെ നീണ്ട വരാന്തയിൽ കാലും നീട്ടിയിരുന്ന് വെറ്റിലച്ചെല്ലത്തിൽ നിന്ന് വെറ്റില മുറിച്ച് എന്തൊക്കെയോ സുഗന്ധദ്രവ്യങ്ങൾ കൂട്ടി വായിൽ തിരുകി, ചില പഴങ്കഥകൾ പറഞ്ഞ്  ഞങ്ങളെ സന്തോഷിപ്പിക്കാറുള്ളതും, മുറ്റം നിറയെ പൂത്തുനിൽക്കുന്ന ചെത്തിപ്പൂക്കൾ കെട്ടിയൊരുക്കി അമ്പലത്തിൽ തൊഴാൻ പോകുന്നതും, നാളുകൾ കഴിഞ്ഞിട്ടും മനസിൽ തങ്ങിനിൽക്കുന്നതും അതുകൊണ്ടുതന്നെ. അവധിക്കാല ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് വീട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ഞങ്ങൾക്കായി അമ്മമ്മ സേമിയപ്പായസം തയ്യാറാക്കും. പായസം തയ്യാറായി കഴിഞ്ഞാൽ ഇലയിൽ വിളമ്പി മരിച്ചു പോയ പൂർവികരെ പ്രീതിപ്പെടുത്താൻ ആദ്യം വിളക്കത്തു വെയ്ക്കുമായിരുന്നു. അതിനുശേഷം മാത്രമേ ഞങ്ങൾക്ക് വിളമ്പിയിരിന്നുള്ളൂ. അതിനു രുചിയേറും.... ഞങ്ങളെ യാത്രയാക്കുന്നതിലുള്ള വേദനയും, ഒരുപിടി നല്ല ദിവസങ്ങൾ ഞങ്ങളെ സന്തോഷപ്പെടുത്തിയതിലുള്ള സ്നേഹവും ചെറിയ കണ്ണിൽ ഒളിപ്പിച്ച് ഞങ്ങൾക്ക് വിളമ്പിതരുന്ന പായത്തിന്റെ മധുരം ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു. ഉമ്മറത്ത് നിന്നു കൊണ്ട് കൈവീശി യാത്രയാക്കുന്ന അമ്മമ്മയുടെ ഓർമകൾക്ക്, നന്മകളാൽ സമൃദ്ധമായ ഗ്രാമത്തിന്റെ നൈർമല്യതയും നൊമ്പരങ്ങളും ഉണ്ടായിരുന്നുവെന്ന് മനസിലാക്കിയത് ചന്ദനതിരികളുടെ സുഗന്ധം ബാക്കിയാക്കിയുള്ള അമ്മമ്മയുടെ മരണാനന്തരമാണ് . അന്ന് ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു, ഗൃഹാതുരത്വത്തിന്റെ..... നന്മകളുടെ നനുത്ത മഴ......

Comments