നിഘണ്ടു

അലമാരകൾക്കിടയിൽ കിടന്നിരുന്ന മലയാളം നിഘണ്ടുവിൽ കുറേ നേരമായി അവൾ തല കുമ്പിട്ടിരിക്കാൻ തുടങ്ങിയിട്ട്. എന്താണ് ഈ വാക്കിന്റെ അർത്ഥം. അതോ നിർവചിക്കപ്പെടാത്ത അർത്ഥങ്ങൾ ഇതിൽ ഉൾചേർക്കാത്തത് ആണോ? 'പ്രണയം' എന്ന വാക്കിന്റെ അർത്ഥം...... അവൾക്കത് മനസിലാകുന്നേയില്ല. ആരേയാണ് പ്രണയിക്കേണ്ടത്? പ്രണയം എന്നു കേൾക്കുമ്പോഴേ പൊട്ടിതെറിക്കുന്നവർ ചുറ്റും. അതെന്താണ് ഈ വാക്കിനെ ചിലർ ഇത്ര ഭയങ്കരമായി കാണുന്നത്. മനസിൽ ഇതൊക്കെ ആലോചിച്ച് അന്തമില്ലാതെ നടക്കുന്നതിനിടയിലാണ് കൂട്ടുകാരിയുടെ വാക്കുകൾ ചെവിയിലെത്തിയത്. 'എടീ പ്രണയമെന്നാൽ ആൺക്കുട്ടിയും പെൺ കുട്ടിയും തമ്മിലുള്ള അനുരാഗം എന്നാണ് '. എന്നാൽ കൂട്ടുകാരിയുടെ നിർവചനം കൂടുതൽ അവളെ ചിന്താകുലയാക്കി .സ്വന്തം സ്വത്യത്തെ സ്നേഹിക്കുന്നവരെയും സമൂഹത്തിന്റെ നിർവചനങ്ങൾക്കും അതീതമായി ആൺ ആണിനേയും പെണ്ണ് പെണ്ണിനേയും സ്നേഹിക്കുന്നുണ്ടെന്നുള്ളതും പ്രണയം എന്ന വാക്കിന്റെ പരിധികളെ ചോദ്യം ചെയ്യുന്നുവെന്നും അവൾ ഇതിനോടകം തന്നെ മനസിലാക്കി കഴിഞ്ഞിരുന്നു. ശരിക്കും തന്റെ പ്രണയം എന്തിനോടാണ്? അതെന്താ സ്ത്രീക്ക് പുരുഷനെയും പുരുഷന് സ്ത്രീയേയും മാത്രമേ പ്രണയിക്കാൻ കഴിയുകയുള്ളോ? അതോ തന്നെ തന്നെ പ്രണയിക്കാമോ.... പ്രണയത്തിന്റെ പരിധികൾ നിശ്ചയിക്കുന്നത് ആരാണ്? അവളുടെ ചിന്തകൾ അതിരു കടക്കുന്നുവെന്നായപ്പോൾ അക്ഷരങ്ങൾക്കിടയിലേക്ക് അവൾ നുഴഞ്ഞു കയറി തുടങ്ങി. എന്നാൽ ചുറ്റുമുള്ള പ്രണയമൊക്കെ വെറും നാടകമായി മാത്രമാണ് അവൾക്ക് തോന്നിയിട്ടുള്ളത് . മൊബൈൽ ഫോണിനും മെസേജുകൾക്കുമിടയിൽ, അതുമല്ലെങ്കിൽ കൈവിട്ടു പോയ പ്രണയത്തിന്റെ നഷ്ടം നികത്താൻ പുതിയ വേരുകൾ തേടുന്നവർക്കിടയിലുള്ള വാക്കിന്റെ അർത്ഥ വൈരുദ്ധത എത്ര ആലോചിച്ചിട്ടും അവൾക്ക് മനസിലായില്ല. തന്റെ പ്രണയം അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നതും അതുകൊണ്ടുതന്നെ. അണിയറയിൽ ഒരുക്കങ്ങൾ നടത്തി തിരശ്ശീലയ്ക്ക് വെളിയിൽ വന്ന് കെട്ടിയാടുന്നതു പോലെയുള്ള വേഷമായിരിക്കില്ല തന്റെ പ്രണയമെന്ന് അവൾ നിശ്ചയിച്ചു കഴിഞ്ഞിരുന്നു. അർത്ഥാന്തരങ്ങൾക്കുമപ്പുറം അത് തന്നിലേക്ക് തന്നെ ഉൾചേർന്ന് നിലകൊള്ളേണ്ടതാണെന്നും അവൾ ഇതിനോടകം തന്നെ മനസിലാക്കി കഴിഞ്ഞിരുന്നു.

Comments

  1. സ്വന്തമായ രീതിയിൽ പ്രണയം കണ്ടെത്താൻ അത്യധികം ഭാഗ്യം കൂടി വേണം.

    ReplyDelete

Post a Comment